9.10.08

പ്രതിഭാശാലിയായ കഥാകൃത്തിനൊരു കത്ത്‌

പ്രസിദ്ധീകരണശാലയിലേക്ക്‌ അയക്കുന്ന രചനകള്‍ മടക്കതപാലില്‍ തന്നെ തിരിച്ചു കയ്യിലെത്തുന്ന 'കഥാകൃത്തുക്കള്‍' ഈ മലയാള മണ്ണിലും ഒട്ടേറെ ഉണ്ടായിരുന്നു. ഇപ്പോഴും അതേ. എന്നാല്‍ ഈ പുതുയുഗത്തില്‍ ബ്ലോഗിംഗിനെക്കുറിച്ചുള്ള സാമാന്യധാരണകള്‍ ഉള്ളവര്‍ ഈയൊരു ദുര്യോഗത്തില്‍നിന്നും ഇപ്പോള്‍ പുറത്തു കടന്നിരിക്കുന്നു. എഴുത്തുകാരനും എഡിറ്ററും പബ്ലിഷറും ഒരാള്‍ തന്നെയാവുന്ന ഒരു 'സുന്ദരലോകം'. എന്നാല്‍ അതിജീവിക്കാന്‍, എഴുത്തിന്റെ മേഖലയില്‍ എല്ലാ കാലത്തേക്കുമായി ഒരു ഓര്‍മ്മ കാലടി അവശേഷിപ്പിച്ചു പോവാന്‍ ആഗ്രഹിക്കാത്തവരുണ്ടോ ? അത്തരമൊരു എഴുത്തുകാരന്‍ എങ്ങിനെയാണ്‌ നിര്‍മ്മിക്കപ്പെടുന്നത്‌ ? ചെറുകഥാസാഹിത്യ ശാഖയുടെ പിതാക്കന്‍മാരിലൊരാളായ വില്ല്യം സരോയന്‍ അതിനുള്ള മറുപടി പറഞ്ഞുതരുന്നു. ബ്ലോഗുകളില്‍ മൗലികസൃഷ്ടികള്‍ അവതരിപ്പിക്കുന്നവര്‍ക്കും ഇതു ഗുണം ചെയ്യും എന്ന പ്രതീക്ഷയോടെ.....

  • കഥ : "പ്രസിദ്ധീകരണം ലഭിക്കാത്ത പ്രതിഭാശാലിയായ എഴുത്തുകാരന്‌ ഒരു കത്ത്‌"
  • എഴുതിയത്‌ : വില്യം സരോയന്‍
  • വിവര്‍ത്തനം : പോള്‍ വര്‍ഗ്ഗീസ്‌ കുന്നില്‍

"രാത്രിയും പകലും" എന്ന ചെറുകഥ അയച്ചതു കിട്ടി. വളരെ നന്ദി. ഞാനതു വായിച്ചു രസിച്ചു. ഞാന്‍ കണ്ടിട്ടുള്ള നിങ്ങളുടെ കഥകളില്‍ വെച്ച്‌ ഏറ്റവും നന്നായിരിക്കുന്നു അത്‌. മാത്രമല്ല ഇന്നോളം ഞാന്‍ വായിച്ചിട്ടുള്ള ഒന്നാന്തരം കഥകളില്‍ ഒന്നുമാണത്‌. തുടര്‍ച്ചയായി നിങ്ങള്‍ എഴുതുമെന്ന്‌ ഞാന്‍ പ്രതീക്ഷിക്കുന്നു. ഒന്നാം തരം കഥകള്‍. ഗദ്യത്തെ സംബന്ധിച്ച്‌ നിങ്ങള്‍ ഇനിയും ചില പുതിയ കാര്യങ്ങള്‍കൂടി പഠിക്കേണ്ടതുണ്ട്‌. വാക്കുകളുടെ സ്വരം, ശക്തി, ആവര്‍ത്തനത്തിന്റെ പ്രയോഗം മുതലായവ. ഞാനുദ്ദേശിക്കുന്ന ആ വിഷയങ്ങളെപ്പറ്റി ഏതാനും വിവരങ്ങള്‍ ഈ ചെറു കത്തില്‍ നല്‍കാന്‍ ശ്രമിക്കാം.

നിങ്ങളുടെ ചെറുകഥയുടെ കയ്യെഴുത്തു കോപ്പിയില്‍ ചില തിരുത്തലുകളെല്ലാം ഞാന്‍ ചെയ്യുകയുണ്ടായി. നിങ്ങളുടെ ഗദ്യം എങ്ങിനെ കൂടുതല്‍ നന്നാക്കാമെന്ന്‌ നിങ്ങള്‍ എളുപ്പത്തില്‍ മനസ്സിലാക്കുന്നതിനുവേണ്ടി. ഗദ്യമെന്നതിന്റെ അര്‍ത്ഥം പ്രാഥമികമായി ഇതാണ്‌ :- വ്യക്തതയും ഒഴുക്കും. എത്ര കുഴഞ്ഞുമറിഞ്ഞ കാര്യമാണെങ്കിലും നിങ്ങളുദ്ദേശിക്കുന്നതെന്താണെന്ന്‌ വായനക്കാരനു കൃത്യമായി മനസ്സിലാവണം. നിങ്ങളുടെ ഉദ്ദേശമെന്താണെന്ന്‌ നിങ്ങള്‍ക്കുതന്നെ രൂപമില്ലെങ്കില്‍ (അതസാധാരണമല്ല. എഴുത്തുകാരന്‌ വളരെ ശക്തിയേറിയതെങ്കിലും പ്രകടിപ്പിക്കാന്‍ പ്രയാസമേറിയ വികാരങ്ങള്‍ ഉണ്ടാവാനിടയുണ്ട്‌.) ആ വസ്‌തുത വായനക്കാരനോട്‌ തുറന്നു പറയണം. അല്ലാതെ, ലളിതമായ ഗദ്യത്തില്‍ കൊള്ളുന്നതിലധികം ആശയങ്ങള്‍ കുത്തിച്ചെലുത്താന്‍ ശ്രമിക്കരുത്‌.

ഒരു ചെറുകഥയില്‍ നിങ്ങളുദ്ദേശിക്കുന്നതെന്താണെന്ന്‌ നിങ്ങള്‍ക്കറിഞ്ഞുകൂടെന്ന്‌ വീണ്ടും വീണ്ടും പറയണമെന്നല്ല ഞാനീ പറഞ്ഞതിനര്‍ത്ഥം. ആ പ്രത്യേക സംഗതിയില്‍ വാസ്‌തവും അതാണെന്ന്‌ വെളിപ്പെടുത്തുകയാണ്‌ വേണ്ടത്‌. വെട്ടിത്തുറന്നങ്ങു പറയാതെ, സൂചനമൂലം അതു സാധിക്കാന്‍ ശ്രമിക്കണം. ഒരു ചിന്തയോ വികാരമോ രൂപപ്പെടുത്താന്‍ വയ്യാത്തത്ര കുഴഞ്ഞുമറിഞ്ഞതായിരിക്കുക മിക്കവാറും അസംഭവ്യമാണ്‌. അഥവാ അങ്ങിനെയൊരു ചിന്തയോ വികാരമോ ഉണ്ടാവുന്നുവെങ്കില്‍ അതു രൂപപ്പെടുക വളരെ സാവധാനത്തിലാവേണ്ടിയിരിക്കുന്നു. അധികം, കാര്യമായി ഗണിക്കാതെ, ആവശ്യമുണ്ടെന്നു തോന്നുന്ന എല്ലാ വാക്കുകളും ഉപയോഗിച്ച്‌ ശ്രമിക്കു. എന്നിട്ട്‌ നിങ്ങളുദ്ദേശിക്കുന്ന ആശയം പ്രകടിപ്പിക്കാത്ത വാക്കുകളോരോന്നും ഉപേക്ഷിക്കുക. നിങ്ങളുടെ ആശയം വ്യക്തമായി പ്രകടിപ്പിക്കാന്‍ ശക്തിയില്ലാത്ത വാക്കുകളെ കൊണ്ട്‌ എന്തു പ്രയോജനം. കഥയില്‍ നിങ്ങളതു പരിത്യജിക്കുമ്പോള്‍ കഥ കുടുതല്‍ ഫലപ്രദമായിത്തീരുന്നു.

നിങ്ങളുടെ കഥകളൊന്നും വെളിച്ചം കണ്ടിട്ടില്ലെന്നും നിങ്ങള്‍ പ്രസിദ്ധി സമ്പാദിച്ചിട്ടില്ലെന്നും ഉള്ള കാര്യം പാടെ വിസ്‌മരിച്ചേക്കാം. നിങ്ങളെ സംബന്ധിച്ചിടത്തോളം ലോകത്തിലെ ഏക കഥാകൃത്ത്‌ നിങ്ങളാണെന്നു കരുതുക. ഇതെത്രയും പ്രധാനപ്പെട്ട ഒരു വസ്‌തുതയാണ്‌. അതില്‍ അഹങ്കാരമോ അഹന്തയോ ഒന്നുമില്ല. ഒരു ഗൗരവമുള്ള എഴുത്തുകാരന്റെ ആവശ്യം ഒരു വീക്ഷണകോണം മാത്രം. ലോകത്തിലെ എല്ലാ എഴുത്തുകാരിലും വെച്ച്‌ നിങ്ങള്‍ മാത്രമാണ്‌ ജീവിച്ചിരിക്കുന്നവരുടെ കഥകള്‍ രചിക്കുന്നതെന്ന്‌ ബലമായി നിങ്ങള്‍ വിശ്വസിക്കണം.

പ്രശാന്തമായ ഒരു ഹൃദയം ആവശ്യമാണെന്നുള്ളത്‌ വിസ്‌മരിക്കരുത്‌. ജീവിച്ചിരിക്കുന്ന എന്തിനേയും, തിന്മയായാലും നന്മയായാലും അതി സൂക്ഷ്‌മമായി നോക്കി കാണുവാന്‍ പഠിക്കുക. നിങ്ങള്‍ ലോകത്തിന്റെ പരിപാവനമായ ഹൃദമാണെന്ന്‌ ഓര്‍ക്കണം. ഉല്ലാസപൂര്‍ണ്ണനും ദയാവാനും ആവാന്‍ ഉല്‍സാഹിക്കുക. അങ്ങേയറ്റ്‌ വിഷാദാത്മകമായ ഒരു കാര്യത്തിനിടക്ക്‌ ആനന്ദവും ആനന്ദപൂര്‍ണ്ണമായ സംഗതിയുടെ നടുവില്‍ വിഷാദവും കാണുമെന്നതുപോലെ എത്ര വലിയ തിന്മയിലും കുറച്ചൊക്കെ നന്മ ഉണ്ടായിരിക്കുമെന്നത്‌ മറക്കരുതേ. നിങ്ങളുടെ കൃതികളില്‍ ഈ രണ്ടു വിഭിന്നാവസ്ഥകളേയും പ്രതിപാദിക്കണം. രണ്ടു വശവും ഒരു പോലെ. പിന്നെ, എപ്പോഴും പുഞ്ചിരിക്കാനും പഠിക്കുക.

ഞാന്‍ നേരത്തെ പറഞ്ഞു നിങ്ങള്‍ക്ക്‌ വളരെയധികം പഠിക്കാനുണ്ടെന്ന്‌. പക്ഷേ അതു കേട്ടു ഭയപ്പെടേണ്ട. പഠിക്കാന്‍ സാധിക്കുന്നതുമാത്രം പഠിച്ചാല്‍ മതി. പഠിക്കാന്‍ സാദ്ധ്യമായത്‌ എന്താണെന്ന്‌ നിങ്ങള്‍ക്ക്‌ മുന്‍കൂട്ടി അറിയാം താനും.

ചെറുകഥയെപ്പറ്റിയും ഗദ്യത്തെപ്പറ്റിയും ഞാന്‍ പൊതുവെ ചില കാര്യങ്ങള്‍ പറയാം. 'വ്യക്തത' അത്ര പ്രാധാന്യമേറിയതാണെന്ന്‌ മുമ്പു തന്നെ ഞാന്‍ പറഞ്ഞുവല്ലൊ. ഞാനീ പറയുന്ന ഓരോ വസ്‌തുതയും എപ്പോഴും ഓര്‍ത്തിരിക്കണം. അവ വളരെ വളരെ പ്രധാനപ്പെട്ടതാണ്‌. ഒന്ന്‌ വ്യക്തത, രണ്ട്‌ ഒഴുക്ക്‌ അഥവാ ഭംഗി. നിങ്ങളുടെ ഗദ്യം അനായാസേന, സാവധാനത്തില്‍ വാക്കുകള്‍ അതാതിന്റെ സ്ഥാനത്ത്‌ സ്വാഭാവികമായി വന്ന്‌, അങ്ങിനെ ഭംഗിയില്‍ ഒഴുകിപോകണം. എഴുതുമ്പോള്‍ അതുറക്കെ വായിക്കുക. തന്‍മൂലം ഒരു വാചകമോ ഖണ്ഡികയോ ശരിയല്ലെന്നു കണ്ടെങ്കില്‍ നിങ്ങള്‍ക്കത്‌ എളുപ്പം മനസ്സിലാക്കാന്‍ സാധിക്കും.

ലോകത്തൊരാളും എഴുതിയിട്ടാല്ലത്ത ഒരു പ്രത്യേക രീതിയില്‍ നിങ്ങള്‍ എഴുതിക്കാണുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഒരു യഥാര്‍ത്ഥ എഴുത്തുകാരന്‌ അതു സാധിക്കും. നിങ്ങളുടെ ഹൃദയത്തില്‍ നിങ്ങളുടേതു മാത്രമായ ഒരു പുത്തന്‍ ശൈലി, ഭാഷ ഉണ്ട്‌. അതു പൂര്‍ണ്ണമായി വളര്‍ന്നിട്ടില്ലായിരിക്കാം എങ്കിലും നിങ്ങള്‍ ശരിയായ വിധത്തില്‍ ആരംഭിച്ചാല്‍ ആ ഭാഷ പൂര്‍ണ്ണ വളര്‍ച്ച പ്രാപിച്ചു കൊള്ളും. നിങ്ങളങ്ങിനെ ശരിയായി ആരംഭിക്കുന്നില്ലെങ്കില്‍ തീര്‍ച്ചയായും സാഹിത്യ രചന ചെയ്യുവാന്‍ നിങ്ങള്‍ക്കൊരിക്കലും സാധ്യമാവുകയില്ല. അപ്പോള്‍ മറ്റൊരാളുടെ സ്വാധീനത്തിന്‌ വിധേയനായ ഒരാളായി മാത്രം ലോകം നിങ്ങളെ പരിഗണിക്കും. നിങ്ങളുടെ സാഹിത്യജീവിതത്തിന്റെ അന്ത്യമായി തീരും അത്‌. ഇപ്രകാരമൊരു വിധി നിങ്ങളുടെ ആദ്യത്തെ കഥകളെപ്പറ്റിയോ ഒന്നാമത്തെ പുസ്‌തകത്തെപ്പറ്റിയോ മനുഷ്യര്‍ കല്‍പിച്ചുപോയാല്‍ അതു പിന്നെ ഇളകുക സാദ്ധ്യമല്ല. മറ്റൊരാളെപ്പോലെ എഴുതിപ്പോകാതിരിക്കാനുള്ള വഴി എന്താണെന്നോ ?

നിങ്ങള്‍ ലോകത്തിലേക്ക്‌, ജീവിതത്തിനുള്ളിലേക്ക്‌ ഇറങ്ങിച്ചെല്ലുക. മനുഷ്യേന്ദ്രിയങ്ങളുടെ ലോകത്തില്‍ വിഹരിക്കുക. എന്നിട്ട്‌, അവിടെ കാണുന്ന, പ്രവര്‍ത്തിക്കുന്ന എന്തും നിങ്ങളുടെ സ്വന്തം രീതിയില്‍ പരിഭാഷപ്പെടുത്തണം, സ്വന്തം ഭാഷയിലേക്ക്‌. നിങ്ങളുടെ ചിന്തയും പ്രവര്‍ത്തിയും ഭാവവും വസ്‌തുതകളും മാറ്റിയെഴുതണം. ഇതു നല്ല പോലെ ഓര്‍ക്കുക. നിങ്ങള്‍ ശരിയായ രീതിയില്‍ ആരംഭിക്കുന്നപക്ഷം നിങ്ങളുടെ പുരോയാനത്തെ തടയുവാന്‍ ലോകത്തില്‍ യാതൊന്നിനും സാദ്ധ്യമല്ല. ആ ആരംഭമനുസരിച്ച്‌ മുന്നോട്ടു പോവുക മാത്രമേ നിങ്ങള്‍ ചെയ്യേണ്ടതുള്ളു.

നിങ്ങള്‍ ആര്‍ക്കും കടപ്പെട്ടിട്ടില്ല എന്ന്‌ എപ്പോഴും വിചാരിക്കണം. നിങ്ങളില്‍ നിങ്ങളുടെ മുഴുവന്‍ വ്യക്തിത്വമാണ്‌ ഞാന്‍ കാണാനാഗ്രഹിക്കുന്നത്‌. നിങ്ങള്‍ എപ്പോഴും സ്വതന്ത്രനായിരിക്കണം. ചെയ്യുന്നതിലും ചെയ്യാന്‍ പോവുന്നതിലും എല്ലാം നിങ്ങള്‍ക്ക്‌ ദൃഢമായ ആത്മവിശ്വാസം ഉണ്ടായിരിക്കണം.

ആരോടെങ്കിലും കടപ്പെട്ടിട്ടുണ്ടെന്ന ബോധം ഉള്ളിടത്തോളം കാലം ഒരു വലിയ എഴുത്താകാരനാവാന്‍ നിങ്ങള്‍ക്ക്‌ സാധ്യമല്ല. സഹന ശീലവും മഹാ മനസ്‌കതയും എപ്പോഴും പ്രകടിപ്പിക്കാന്‍ ശ്രമിക്കുക. വ്യക്തിയോടു മാത്രം പോര, ആശയത്തോടും. നിങ്ങള്‍ ചെയ്യുന്നതെന്തും നിങ്ങള്‍ക്കുവേണ്ടി തന്നെയാണ്‌. മറ്റൊരാള്‍ക്കല്ല. ജീവിക്കുവാന്‍ നിങ്ങള്‍ സ്വാര്‍ത്ഥ തല്‍പരനാവാതെ വയ്യ. അത്‌ അല്‍പത്വമല്ല കെട്ടോ. നിങ്ങള്‍ എന്തെഴുതുന്നു എങ്ങിനെയെഴുതുന്നു എന്ന കാര്യങ്ങളുമായി ബന്ധപ്പെട്ട ഒരു വലിയ സത്യം മാത്രം.

പിന്നെ, നിങ്ങള്‍ ഏകാകിയായിരിക്കേണ്ടത്‌ അത്യാവശ്യമാണ്‌ മനുഷ്യരുടെ ഇടയില്‍ പോവുകയും അവരോടു സംസാരിക്കുകയും ചിരിക്കുകയും എല്ലാം ചെയ്യാമെങ്കിലും നിങ്ങള്‍ ഏകാകിയായിരുന്നേ പറ്റൂ. അവരോടൊത്ത്‌ ഇരിക്കുമ്പോഴും നിങ്ങള്‍ ഏകാകിയായിരിക്കണം. അവരേക്കാളും കൂടുതല്‍ നിങ്ങള്‍ സൂക്ഷ്‌മദൃക്കായിരിക്കണം. മാത്രമല്ല കൂടുതല്‍ കഴിവ്‌ നിങ്ങള്‍ പ്രകടിപ്പിക്കേണ്ടതുമാണ്‌. മഹത്തായ ഗദ്യമെഴുതാനാരംഭിക്കാന്‍ ഇങ്ങിനെ മാത്രമെ നിങ്ങള്‍ക്ക്‌ സാധിക്കുകയുള്ളു.

പ്രപഞ്ചത്തിന്റെ, ഭൂമിയുടെ, ജീവിക്കുന്നവരുടെ മുമ്പില്‍ മാത്രം നിങ്ങള്‍ വിനയപൂര്‍ണ്ണനായിരുന്നാല്‍ മതി. ആകെ കൂടി; അഭിമാനം, ശക്തി, വിനയം. നിങ്ങള്‍ യാതൊന്നുമല്ല എന്ന അറിവ്‌. ജ്ഞാനിയായിരിക്കുക. എല്ലാറ്റിന്റേയും വിശുദ്ധിയും കളങ്കവും അറിഞ്ഞിരിക്കുക. മാത്രമല്ല അതു രണ്ടും വെവ്വേറെ കാണുകയില്ലെന്നുളളതും. പിന്നെ ധീരനായിരിക്കുക.

ഈ കത്ത്‌ വായിച്ചു തീര്‍ന്ന ശേഷം, എഴുന്നേറ്റ്‌, ഉറക്കെ ഒരു കോട്ടു വായിട്ട്‌ എങ്ങോട്ടെങ്കിലും നടക്കാനിറങ്ങി, 'അയാള്‍ മുടിഞ്ഞുപോകട്ടെ!! ' എന്ന്‌ നിങ്ങള്‍ സ്വയം പറയണമെന്ന്‌ ഞാന്‍ ആശിക്കുന്നു. കാരണം, അപ്പോള്‍ മാത്രമേ തുടങ്ങുക എന്നതിലേക്ക്‌ കടക്കാന്‍ നിങ്ങള്‍ക്ക്‌ സാധിക്കുന്നുള്ളു. പ്രോല്‍സാഹനം ലഭിച്ചതുകൊണ്ട്‌ പ്രയോജനമില്ല. ഒരു സമരം തന്നെയാണ്‌ ആവശ്യം. ഒരു ശത്രുവിനെ തോല്‍പിക്കുന്നതുപോലെയാണ്‌ ഒരു കഥയെഴുതുന്നത്‌.

(ഇതൊരു നീണ്ട കത്താണ്‌. കാരണം, ഇനി വളരെ നാള്‍ കഴിഞ്ഞേ ഞാന്‍ നിങ്ങള്‍ക്ക്‌ എഴുതുകയുള്ളു. എനിക്കറിവുള്ള പ്രധാന കാര്യങ്ങളെല്ലാം. നിങ്ങളോട്‌ ഇപ്പോള്‍ പറയാന്‍ ഞാനഭിലഷിക്കുന്നു. ഈ സംഗതികളെല്ലാം നിങ്ങള്‍ തന്നെ സ്വയം കണ്ടുപിടിക്കും, നിങ്ങള്‍ക്കതു കണ്ടുപിടിക്കാതെ നിര്‍വ്വാഹമില്ല, ഗത്യന്തരമില്ല)

'രാത്രിയും പകലും' ഒരു വലിയ കഥാകൃത്തിന്റെ കൃതിയാണെന്ന്‌ നിങ്ങള്‍ മനസ്സിലാക്കണമെന്ന്‌ ഞാനാവശ്യപ്പെടുന്നു. ഒരു വലിയ എഴുത്തുകാരനായി നിങ്ങള്‍ തുടര്‍ന്നുപോവണമെന്ന്‌ ഞാന്‍ ആഗ്രഹിക്കുന്നു. കാരണം ഒരു വലിയ എഴുത്തുകാരനെന്ന നിലയിലുള്ള നിങ്ങളുടെ ആരംഭം കുറിക്കുന്ന ഒന്നാണ്‌ ഈ ചെറുകഥ. ഈ ചുരുങ്ങിയ കാലയളവില്‍ ഈ നല്ലൊരു കഥയെഴുതാന്‍ കഴിഞ്ഞതില്‍ നിങ്ങള്‍ ഭാഗ്യവാനാണ്‌. മുമ്പ്‌ നിങ്ങളെഴുതിയ കഥകളെപ്പറ്റിയെല്ലാം വിസ്‌മരിച്ചേക്കൂ. അതിനെപ്പറ്റി ചിന്തിച്ചിട്ട്‌ കാര്യമില്ല. ഈ കഥയെപ്പറ്റി മാത്രം ഓര്‍ത്താല്‍ മതി. ഇതിന്റെ പുരോഗതി, ഇതിന്റെ ഫലപ്രദത്വം, അതിനുള്ള മാര്‍ഗ്ഗം. ഒരു കഥ കൂടി എഴുതുക; ഇതുപോലെ തന്നെ. മുമ്പെഴുതിയ തരത്തിലുള്ളതൊന്നും ഇനിയെഴുതരുതേ. നിങ്ങളൊരു ഒന്നാം തരം കഥയെഴുതി, നിങ്ങള്‍ യഥാര്‍ത്ഥമായ ആംഭമിട്ടുകഴിഞ്ഞു. എഴുതാന്‍ കഴിവുള്ള പുതിയ കഥാകൃത്തുക്കളെയാണ്‌ ലോകം ഇന്ന്‌ അവശ്യപ്പെടുന്നത്‌. നിങ്ങള്‍ക്ക്‌ എഴുതാന്‍ കഴിവുണ്ട്‌.

എനിക്കറിയാവുന്നതെല്ലാം പറഞ്ഞുതീര്‍ന്നു. നിങ്ങളിനി എഴുതണമോ വേണ്ടയോ എന്നു നിശ്ചയിക്കേണ്ടത്‌ ഞാനല്ല. പക്ഷേ, ദാരിദ്ര്യമോ വിശപ്പോ മറ്റോ കഥാരചനയില്‍ നിന്നും നിങ്ങളെ തടയുകയാണെങ്കില്‍ ശരി, എഴുത്തു നിര്‍ത്തിയേക്കു, എല്ലാം മറന്നു കളയൂ. ഒരു സത്യസന്ധനായ ക്ലാര്‍ക്കായി തീര്‍ന്ന്‌, സിനിമ കണ്ടും ഉറങ്ങിയും മറ്റെല്ലാ ആളുകളേയും പോലെ ജീവിക്കുക. കാരണം, കലാസൃഷ്ടി ചെയ്യുന്നതില്‍ നിന്നും നിങ്ങളെ തടഞ്ഞു നിര്‍ത്താന്‍ ഇപ്പറഞ്ഞവയിലേതിനെങ്കിലും കഴിവുണ്ടായെങ്കില്‍ -എങ്കില്‍, നിങ്ങള്‍ എഴുത്തുകാരനല്ല. അതു മനസ്സിലാക്കുന്നതുവരെ നിങ്ങള്‍ ദുരന്തത്തിലായിരിക്കും. ഒരു കഥാകൃത്താണ്‌ നിങ്ങളെങ്കില്‍, കഷ്ടപ്പാടിലാണെങ്കിലും, നല്ല കാരണങ്ങള്‍ അതിനു നിങ്ങള്‍ കണ്ടെത്താതിരിക്കയില്ല. ക്ഷേമാശംസകള്‍. നിങ്ങള്‍ക്ക്‌ നല്ലതു വരട്ടെ.

Read more...

  © Blogger templates Newspaper III by Ourblogtemplates.com 2008

Back to TOP